തൂഫാൻ ഗ്രാമസഭ
തൂഫാൻ
ഗ്രാമസഭ
വെങ്ങോല ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരിമരുന്നിന്റെ ഉപയോഗത്തിനും വിൽപ്പനയ്ക്കുമെതിരെ നടപ്പിലാക്കുന്ന സമഗ്ര ബോധവൽക്കരണ-പ്രതിരോധ കാമ്പയിനായ 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോഹണ്ട്' പദ്ധതിയുടെ ഭാഗമായി ഗ്രാമസഭകൾ സംഘടിപ്പിച്ചു. പ്രദേശത്ത് വളർന്നുവരുന്ന ലഹരി വിപത്തിനെ തടയാനും യുവതലമുറയെ ഇതിൽ നിന്ന് സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് പഞ്ചായത്ത് ഭരണസമിതി പൊലീസിന്റെയും എക്സൈസിന്റെയും ജനകീയ കൂട്ടായ്മകളുടെയും സഹകരണത്തോടെ ഗ്രാമസഭകൾ ചേർന്നത്.
ലഹരിമുക്ത ഗ്രാമം കെട്ടിപ്പടുക്കുന്നതിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനായി പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽത്തന്നെ പ്രത്യേക ഗ്രാമസഭകൾ വിളിച്ചുചേർത്തു. വാർഡ് തലത്തിൽ ലഹരിയുടെ ലഭ്യതയും ഉപയോഗവും തടയുന്നതിനുള്ള പ്രതിരോധ മാർഗങ്ങൾ ചർച്ച ചെയ്യുകയും ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തി കൗൺസിലിംഗും വിമുക്തി ചികിത്സയും ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു.
സ്കൂളുകൾ, പൊതുസ്ഥലങ്ങൾ, വിജനമായ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വാർഡ് തല ജാഗ്രതാ സമിതികളുടെ പ്രവർത്തനം ശക്തമാക്കുന്നതിനും സംശയാസ്പദമായ പ്രവർത്തനങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുമുള്ള നടപടികളും ചർച്ച ചെയ്തു.
ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, പ്രദേശവാസികൾ, യുവജന കൂട്ടായ്മകൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയാണ് ഗ്രാമസഭകൾ സംഘടിപ്പിച്ചത്.